മെക്ക: സംസം വെള്ളത്തില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് രാസപരിശോധനയില്‍ തെളിഞ്ഞതായുള്ള ബി.ബി.സി റിപ്പോര്‍ട്ട് അടിസ്ഥാനവിരുദ്ധമാണെന്ന് സഊദി ഭരണകൂടം വ്യക്തമാക്കി. അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസപദാര്‍ത്ഥങ്ങള്‍ സംസം ജലത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ബി.ബി.സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ജലത്തിന്റെ പരിശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ് റിപ്പോര്‍ട്ടെന്നും തീര്‍ത്ഥാടകര്‍ക്കുവേണ്ടി സംസം കിണറും വെള്ളവും സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും സഊദി ഭരണകൂടം വ്യക്തമാക്കി.
സംസം നിറച്ച കുപ്പികള്‍ ഇംഗ്ലണ്ടില്‍ വില്‍പ്പനക്കു വെച്ചിട്ടുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ നടത്തിയ രാസപരിശോധനയിലാണ് മാരക വിഷാംശമുള്ള ബാക്ടീരിയകളും ആര്‍സനിക്കും അടങ്ങിയിട്ടുണ്ടെന്നാണ് ബി.ബി.സിയുടെ വിശദീകരണം. എന്നാല്‍ സംസം വെള്ളം തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് നല്‍കുന്നതെന്നും ആര്‍ക്കും വില്‍പ്പന ചെയ്യുന്നില്ലെന്നും സഊദി അധികൃതര്‍ ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കു മാത്രമാണ് പരിശുദ്ധ ജലം നല്‍കുന്നത്. ലോകമുസ്്ലിംകള്‍ പവിത്രതയോടെയാണ് സംസത്തെ കാണുന്നതെന്നും അതിന്റെ വിശ്വാസ്യതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ പറഞ്ഞു. ദിവസം മൂന്ന് നേരം വെള്ളം പഠനത്തിനും പരിശോധനക്കും വിധേയമാക്കാറുണ്ട്.